ഇറാന്‍-ഇസ്രയേല്‍ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. കര്‍ണാടക, ജമ്മു-കശ്മീര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചു.

ബുധനാഴ്ച ഇതില്‍ 110 വിദ്യാര്‍ഥികളെ ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയിലെത്തിച്ചേക്കും. യുഎഇ, അര്‍മീനിയ എന്നീ രാജ്യങ്ങള്‍വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാകും ഒഴിപ്പിക്കുക. അതിനിടെ 5 ദിവസമായി തുടരുന്ന ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ‘യഥാർഥ പര്യവസാനമാണ് വേണ്ടതെന്ന പ്രസ്‌താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

വെറും വെടിനിർത്തലല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ‘നിരുപാധികം കീഴടങ്ങണം!’ എന്ന് അദ്ദേഹം ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാൻ കഴിയുമെങ്കിലും ഇപ്പോൾ അതു ചെയ്യുന്നില്ലെന്നും പറഞ്ഞു.

ചൊവ്വാഴ്‌ചയും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ നേതൃത്വവുമായുള്ള ചർച്ചയ്ക്കായി യുഎസിൻ്റെ പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെയും വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെയും അങ്ങോട്ടയക്കുമെന്ന് ട്രംപ് പറഞ്ഞു. തിരക്കിട്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തേ മടങ്ങിയിരുന്നു.

Related Posts