ഇന്ത്യ മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ചു. ഇരു രാജ്യങ്ങളും ഉഭകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെച്ചു. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. മാലദ്വീപിന്‍റെ ഗാര്‍ഡ് ഓഫ് ഓണറും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രി 2 ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാലദ്വീപില്‍ എത്തിയത്.
മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവും മന്ത്രിമാരും മാലെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളും വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. 4 കരാറുകളിലും 3 ഉടമ്പടികളിലും ഒപ്പുവച്ചു. ഇന്ത്യ 72 വാഹനങ്ങള്‍ മാലദീപ് സൈന്യത്തിന് നല്‍കും. ഇന്ത്യയ്ക്കു മാലദ്വീപുമായുള്ള ബന്ധം ചരിത്രത്തെക്കാള്‍ പഴക്കമുള്ളതും കടല്‍ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു നന്ദി പറഞ്ഞു. ഇന്ത്യ – മാലദ്വീപ് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടക്കുന്ന മാലദ്വീപിന്‍റെ 60 ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.