ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ). മൂന്ന് നിലകളില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങള്‍ക്കായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉത്തരവിട്ടു. ജിബിഎ ചീഫ് കമ്മീഷണര്‍ എം. മഹേശ്വര്‍ റാവു ആണ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണമെന്നും. കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ ഉടന്‍ തന്നെ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പ്പറേഷനില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് കമ്മീഷണര്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പരിപാടിയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികളും അതോറിറ്റി സ്വീകരിച്ചു.