ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. മടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും, ഭീഷണിപ്പെടുത്തി തന്നെ രാജ്യത്തേക്ക് മടങ്ങുന്നതിൽ നിന്ന് തടയാനാവില്ലെന്നും അവർ വ്യക്തമാക്കി.

താൻ ബംഗ്ലാദേശിൻ്റെ ഭാഗമാണെന്നും രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഹസീന പറഞ്ഞു. വിദ്യാർഥി പ്രതിഷേധമെന്ന പേരിൽ നടന്നത് അധികാരമാറ്റത്തിനായുള്ള ഗൂഢാലോചനയാണെന്നും, സമരം അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നും അവർ ആരോപിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാർഥികളെ അക്രമത്തിലേക്ക് നയിച്ചുവെന്നും, വലിയ സ്ഥാപനങ്ങൾ, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടുവെന്നും അവാമി ലീഗ് പ്രവർത്തകരെ കൊലപ്പെടുത്തിയെന്നും ഹസീന പറഞ്ഞു. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതി തകർന്നതായും, നിക്ഷേപകർ രാജ്യം വിട്ടതായും, നിലവിലെ സർക്കാർ കടമെടുത്താണ് ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അവർ വിമർശിച്ചു.

അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നും ജനാധിപത്യ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട ഹസീന, ജനങ്ങളുടെ ഭാവിക്കുവേണ്ടിയാണ് താൻ തിരിച്ചെത്തുന്നതെന്നും വ്യക്തമാക്കി. കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്താലും രാജ്യത്തേക്ക് മടങ്ങുമെന്ന നിലപാടും അവർ ആവർത്തിച്ചു. അതേസമയം, ഇന്ത്യയിൽ ഹസീനയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ലഭിക്കുന്നുണ്ടെന്നും, അഭയം നൽകിയതിന് ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്നും ഹസീനയുടെ മകൻ പ്രതികരിച്ചു.

Related Posts