ബെംഗളൂരുവിന് സമീപം നെലമംഗലയിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വനിതാ മെക്കാനിക്കിനെ മുൻ സഹപ്രവർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു. അരിശിനകുൻ്റെ പ്രദേശത്തെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. ഡിപ്പോയിലെ മെക്കാനിക്കായ ലക്ഷ്മി (40) ആണ് ആക്രമണത്തിനിരയായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയാണ് സസ്പെൻഷനിലുള്ള മുൻ സഹപ്രവർത്തകനായ ശിവരാജ് ഡിപ്പോയിലെത്തിയത്. തുടർന്ന് ഇയാൾ കത്തിയുപയോഗിച്ച് ലക്ഷ്മിയെ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഡിപ്പോ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ലക്ഷ്മിയും ശിവരാജും തമ്മിലുണ്ടായിരുന്ന പഴയ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. നേരത്തെയുണ്ടായ ഒരു കേസിൽ ശിവരാജിനെതിരെ ലക്ഷ്മി സാക്ഷിമൊഴി നൽകിയിരുന്നു. ഇതിൻ്റെ പേരിൽ ഇയാൾ യുവതിയോട് വൈരാഗ്യം പുലർത്തിയിരുന്നതായാണ് റിപ്പോർട്ട്. ഏതാനും മാസങ്ങളായി ശിവരാജ് ജോലിയിൽനിന്ന് സസ്പെൻഷനിലായിരുന്നു. സംഭവത്തിൽ നെലമംഗല ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതി ശിവരാജിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.