ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിൻ്റെ ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചെങ്കോട്ട് ഭീകരാക്രമണത്തിന് മുൻപ് ഉമർ ചിത്രീകരിച്ച വീഡിയോയാണിത്. ഡോ. ഉമറിൻ്റെ വീഡിയോയാണ് ചൊവ്വാഴ്ച്ച പുറത്തുവന്നത്. ചാവേറാക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നും ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നുമാണ് ഉമർ വീഡിയോയിൽ അവകാശപ്പെടുന്നത്. വീഡിയോയിലുടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാൾ സംസാരിക്കുന്നത്. നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ഈ വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്.
ചാവേർ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വൈരുദ്ധ്യങ്ങളും വാദങ്ങളുമുണ്ടെന്ന് ഡോ. ഉമർ വീഡിയോയിൽ പറയുന്നു. ഒരു പ്രത്യേകസമയത്ത് ഒരു പ്രത്യേക സ്ഥലത്തുവെച്ച് താൻ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാൻ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്ന് ഉമർ വീഡിയോയിൽ പറയുന്നു.