കർണാടകയിലെ ഹാസൻ ജില്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കൊലപ്പെടുത്തി. 32 കാരിയായ ശ്വേതയാണ് കൊല്ലപ്പെട്ടത്. കാർ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ സഹപ്രവർത്തകനായ രവിയെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ജോലിസ്ഥലത്തു വച്ചാണ് വർഷങ്ങൾക്ക് മുൻപ് വിവാഹിതനായ രവിയും ശ്വേതയും പരിചയപ്പെടുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞിരുന്ന ശ്വേത മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ശ്വേതയോട് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയാഭ്യർഥന നടത്തി വന്നിരുന്നുവെന്ന് പോലിസ് പറയുന്നു.
രവി ശ്വേതയ്ക്കായി ഭാര്യയെ ഉപേക്ഷിക്കാൻ തയാറാണെന്നു പറഞ്ഞിരുന്നുവെങ്കിലും, ശ്വേത നിരസിച്ചു. ബുധനാഴ്ച ശ്വേതയെ സംസാരിക്കാനെന്ന വ്യാജേന രവി വിളിച്ചുവരുത്തി. ഇരുവരും കാറിൽ സഞ്ചരിക്കുമ്പോൾ, ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാർ ഓടിച്ചിറക്കി. കാർ വെള്ളത്തിൽ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടെങ്കിലും, ശ്വേതയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.