ബെംഗളൂരു അനേക്കലിലുള്ള കല്ലബാലു വസതിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഒഡീഷയിൽ നിന്നുള്ള രാകേഷ് കുമാർ (23), സീമ നായക് (25) എന്നിവരാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇരുവരും ജോലി തേടി അനേക്കലിൽ എത്തിയതെന്ന് അവരുടെ സുഹൃത്തുക്കൾ പറഞ്ഞു.
വീട് പൂട്ടിയ നിലയിൽ കണ്ട് സംശയം തോന്നിയ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ഉടമ വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. രാകേഷ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായും സീമ വീടിനടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ സഹായിയായിയും ജോലി ചെയ്തുവരികയായിരുന്നു.
അഡീഷണൽ എസ് പി വെങ്കിടേഷ് പ്രസന്ന, ഡെപ്യൂട്ടി എസ് പി മോഹൻ കുമാർ, ഇൻസ്പെക്ടർ മഞ്ജുനാഥ് എന്നിവർ സ്ഥലത്തെത്തി. മദ്യപിച്ചിരിക്കുമ്പോൾ രാകേഷ് അക്രമാസക്തനായിരുന്നുവെന്നും പണത്തെച്ചൊല്ലി സീമയുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം പണത്തെച്ചൊല്ലി സീമയുമായി രാകേഷ് വഴക്കുണ്ടാക്കുകയും ഉറങ്ങാൻ കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ, സീമ രാകേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻതന്നെ കയർ മുറിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും രാകേഷ് മരിച്ചിരുന്നു. തുടർന്ന് സീമയും അതെ കയറിൽ തൂങ്ങുകയായിരുന്നു.