ബെംഗളൂരു പീനിയ ദാസറഹള്ളിയിലെ ചൊക്കസാന്ദ്രയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 31കാരൻ കുത്തേറ്റ് മരിച്ചു. ബന്നർഘട്ട സ്വദേശിയായ ദീപക്കാണ് മരിച്ചത്. മദനായകനഹള്ളിയിലെ സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

നന്ദിനി ലേഔട്ടിൽ സംഘടിപ്പിച്ച ഗണേശ ഘോഷയാത്രയിൽ പങ്കെടുത്ത ദീപക്കും സുഹൃത്തുക്കളും പിന്നീട് നിമജ്ജനത്തിനായി പീനിയയിലെ ചൊക്കസാന്ദ്ര തടാകത്തിലേക്ക് പോയിരുന്നു. നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ എതിർസംഘത്തിലെ ഒരാളുടെ കാലിൽ ദീപക് ചവിട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു.

ഏകദേശം പത്ത് പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ദീപക്കിനെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. ശനിയാഴ്ച ചൊക്കസാന്ദ്രയിൽ നടന്ന മറ്റൊരു തർക്കത്തിൻ്റെ തുടർച്ചയാണ് ഞായറാഴ്ചത്തെ സംഭവമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. നേരത്തെ നടന്ന സംഘർഷത്തിൽ ദീപക്കിൻ്റെ സുഹൃത്തുക്കൾ ചിലരെ മർദിച്ചിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ദീപക്കിനെതിരെ മുമ്പ് ചില ചെറിയ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നെങ്കിലും ഇയാൾക്കെതിരെ റൗഡി ഷീറ്റ് തുറന്നിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പീനിയ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് സന്തോഷ്, മഹിപാൽ, ചന്ദു, ദേവ്, ബന്നപ്പ, രാജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

Related Posts