നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ആരംഭിച്ച പ്രതിഷേധം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി (സിജെപി). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച പാർട്ടി, ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാത്രിയിലും തുടരാൻ തീരുമാനിച്ചു.
ശനിയാഴ്ച രാവിലെ തുടങ്ങിയ സമരം ഞായറാഴ്ച രാവിലെയും തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. പ്രതിഷേധത്തിന് അനുവദിച്ച സമയം കഴിഞ്ഞാൽ സമരവേദി ഒഴിയണമെന്ന് ഡൽഹി പൊലീസ് നിർദേശം നൽകിയെങ്കിലും അതിനെ തള്ളിയാണ് പ്രതിഷേധക്കാർ നിലപാട് കടുപ്പിച്ചത്.
പോലീസിൻ്റെ നിയന്ത്രണങ്ങൾക്കിടയിലും സമരം തുടരണമെന്നും കൂടുതൽ പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു. അതേസമയം, പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സിജെപി അത് നിരസിച്ചു.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷമേ സർക്കാരുമായി ചർച്ച നടത്തുകയുള്ളുവെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും പ്രതിഷേധക്കാർ ആവർത്തിച്ചു.