കർണാടകയിൽ ഇന്നലെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർ മരിക്കാനിടയായ അപകടത്തിന് കാരണം കാറിൻ്റെ അമിതവേഗതയായിരുന്നെന്ന് പൊലീസ്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ 150-160 കിലോമീറ്റർ വേഗത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അമിത വേഗത്തിലെത്തിയ കാർ ലോറിയിലും ബൈക്കിലും ഇടിച്ചുകയറുകയായിരുന്നു. അയാൻ അലിയുടെ പിതാവിൻ്റേതാണ് കാർ. പരീക്ഷ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കിടാനുള്ള യാത്രയാണ് ഇവരുടെ ജീവനെടുത്തത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിരുന്നു.

വർക്കല ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ ടി.എസ്.അജിത്തിൻ്റെയും സ്മിത നായരുടെയും മകൻ അശ്വിൻ നായർ, പത്തനംതിട്ട മല്ലപ്പള്ലി ആനിക്കാട് ഏണാട്ടു തോമസ് ജോർജ് – പേൾ ജോർജ് ദമ്പതികളുടെ മകൻ ഈതൻ ജോൺ ജോർജ്, കൊത്തന്നൂർ സ്വദേശികളായ അയാൻ അലി, അർഹാൻ ഷെരീഫ്, ഫർഹാൻ, ഭരത്, ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ-ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യവാരയിൽ പുലർച്ചെ 5.30 നായിരുന്നു അപകടം. ആദ്യം ഗഗൻ്റെ ബൈക്കിലാണ് കാറിടിച്ചത്. തെറിച്ചുവീണ അയാൾ തൽക്ഷണം മരിച്ചു. ഗഗനെ ഇടിച്ചിട്ട് മുന്നോട്ടു നീങ്ങിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Related Posts