അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ യുവാവിന് നേരെ വംശീയ വിദ്വേഷത്തിൻ്റെ പേരിൽ ക്രൂരമായ ആക്രമണം. വാഷിങ്ടൺ സ്വദേശിയായ സൊഹൈൽ എന്ന യുവാവിനെ ഷോപ്പിങ് മാളിനുള്ളിൽ വെച്ച് പ്രതി കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ 48-കാരനായ പീറ്റർ മൈക്കൽ ലാർസനെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂട്ടായിലെ ഒരു പ്രമുഖ ജ്വല്ലറി ഷോറൂമിൽ ജോലി ചെയ്യുകയായിരുന്ന സൊഹൈലിനെയാണ് ആക്രമിച്ചത്. ആദ്യം ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ട് സമീപിച്ച പ്രതി, തുടർന്ന് “ഏത് മതക്കാരനാണ്?”, “എവിടെ നിന്നാണ് വന്നത്?” തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
15 തവണ കുത്തേറ്റ സൊഹൈലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സാചെലവിനായി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.