നഗരത്തിലെ ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ബിഎംടിസിയുടെ തത്സമയ ബസ് വിവരങ്ങൾ മറ്റ് മൊബിലിറ്റി ആപ്പുകൾക്ക് ലഭ്യമാക്കാൻ നീക്കം. നമ യാതി, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (ബിഐഎഎൽ), ടുമ്മോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി വിവരങ്ങൾ പങ്കിടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ ബസുകളുടെ സഞ്ചാരസ്ഥാനം ഉൾപ്പെടെയുള്ള വിവരങ്ങൾ വിവിധ ആപ്പുകളിലൂടെ അറിയാൻ യാത്രക്കാർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
ബസുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ ബസ് എത്തുന്ന സമയം മനസ്സിലാക്കാനും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും കഴിയും. മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിൽ യാത്രകൾ ഏകോപിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകും.
നിലവിൽ ബിഎംടിസിയുടെ ‘നമ്മ ബിഎംടിസി 2.0’ ആപ്പിലൂടെ ബസുകളുടെ തത്സമയ ലൊക്കേഷൻ, എത്തിച്ചേരാനുള്ള ഏകദേശ സമയം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവ അറിയാം. ബസ് ടിക്കറ്റുകളും മെട്രോ ക്യുആർ ടിക്കറ്റുകളും വാങ്ങാനും ആപ്പിൽ സൗകര്യമുണ്ട്. പുതിയ നീക്കം നടപ്പാകുന്നതോടെ മറ്റ് ആപ്പുകളിലൂടെയും കൂടുതൽ എളുപ്പത്തിൽ ബസ് വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.