ബൈക്ക് ടാക്‌സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിനെതിരെ ഓൺലൈൻ ടാക്സി സർവീസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിൻ്റെ നേത്യത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കർണാടക സർക്കാർ ജൂൺ 16 മുതൽ കർണാടക ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ചിൻ്റെ നിർദേശ പ്രകാരം ഓൺലൈൻ ബൈക്ക് ടാക്‌സി സേവനങ്ങൾ തടയുകയായിരുന്നു. ബൈക്ക് ടാക്‌സി സേവനം സംബന്ധിച്ച് കൃത്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതുവരെ ഈ സേവനം നിർത്തിവെക്കണമെന്നായിരുന്നു ഹൈകോടതി നിർദേശം. അതേസമയം, വനിത യാത്രക്കാരുടെ പ്രതിനിധികൾ കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ടാക്‌സി, ബൈക്ക് താരതമ്യേന ചെലവ് കുറഞ്ഞതും യാത്രക്ക് സുരക്ഷിതവുമാണെന്നുമായിരുന്നു അവരുടെ വാദം.