ബെംഗളൂരുവിലെ ഡേ കെയർ കേന്ദ്രത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ അഞ്ച് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എച്ച്എഎൽ ക്യാമ്പസിലെ കേപ്ജെമിനി ഐടി സ്ഥാപനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയർ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയാണ് നടപടി. രണ്ട് വയസ്സ് മാത്രമുള്ള കുട്ടികളടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കുഞ്ഞുങ്ങൾ കരയുമ്പോൾ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, വാഷ്റൂമിൽ പൂട്ടിയിടുക, ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം ചീറ്റിക്കുക തുടങ്ങിയ ക്രൂരമായ പ്രവൃത്തികളാണ് ജീവനക്കാർ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പുറത്തുവന്നതോടെയാണ് പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്.
ഐടി സ്ഥാപനത്തിലെ ജീവനക്കാർ ജോലി സമയത്ത് കുഞ്ഞുങ്ങളെ ഏൽപ്പിച്ചിരുന്ന ഡേ കെയർ കേന്ദ്രത്തിലായിരുന്നു സംഭവം. കുട്ടികൾ കരയുകയോ ബഹളം വെക്കുകയോ ചെയ്താൽ ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആയമാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കർണാടക ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.