ബാംഗ്ലൂരിൽ ടെക്കി യുവാവിനെ റോഡിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കാറിടിപ്പിച്ച് കൊന്നു. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ എച്ച്.എൻ. സഞ്ജയ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാറോടിച്ചിരുന്ന പ്രതീക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപം മെയ് പത്താം തീയതി ആയിരുന്നു സംഭവം. സുഹൃത്തും സഞ്ജയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചുകയറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.

പ്രതീക് സിഗരറ്റ് വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മെയ് 10 ന് പുലർച്ചെ സഞ്ജയും സുഹൃത്തായ ചേതനും സുബ്രഹ്‌മണ്യപുരയിലെ ഒരു കടയുടെ സമീപം സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്നു ഈ സമയത്താണ് പ്രതീക് കാറിലെത്തിയത്. തുടർന്ന് ഇയാൾ സഞ്ജയിനോട് തൊട്ടടുത്ത കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു.

വിസമ്മതിച്ച സഞ്ജയ്, പ്രതീകിനെ ശകാരിക്കുകയും ചെയ്‌തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പ്രതീക് സഞ്ജയിനെ മർദിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ സഞ്ജയും സുഹൃത്തായ ചേതനും ബൈക്കിൽ മടങ്ങി. പ്രതീക് പക തീർക്കാനായി വീണ്ടും ഇവരെ കാറിൽ പിന്തുടരുകയും യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറ്റുകയുമായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ സഞ്ജയിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ സുഹൃത്ത് ചേതൻ ഇപ്പോഴും ചികിത്സയിലാണ്.

Related Posts