ബൈയപ്പനഹള്ളി – ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ബെംഗഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 48 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ദിവസേനയുള്ള യാത്രക്കാരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നിലവിലുള്ള ഒറ്റപ്പാത കാരണമുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനും സഹായിക്കും. പദ്ധതിയുടെ നിർമ്മാണച്ചുമതല നൽകിയത് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനിക്കാണ്. 2020-ൽ ആയിരുന്നു അത്. ഈ ഇരട്ടപ്പാതയുടെ 14 കിലോമീറ്റർ ഭാഗം ഇതിനോടകം തന്നെ ട്രെയിൻ സർവീസിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഹീലാളിഗെ മുതൽ ബെല്ലന്തൂർ റോഡ് വരെയുള്ള പാത ഇതിൽ ഉൾപ്പെടുന്നു. ബൈയപ്പനഹള്ളി-ഹൊസൂർ ഇടനാഴിയിലെ ശേഷിക്കുന്ന ജോലികൾ 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ. നവീകരണത്തിൻ്റെ ഭാഗമായി ബെല്ലന്തൂർ റോഡ് റെയിൽവേ സ്‌റ്റേഷൻ വികസിപ്പിച്ചു.

600 മീറ്റർ നീളമുള്ള രണ്ട് ഉയർന്ന നിലവാരമുള്ള പ്ലാറ്റ്‌ഫോമുകളും അഞ്ച് റെയിൽവേ ലൈനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ, പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സഞ്ചരിക്കാൻ ഒരു അടിപ്പാത, വർണൂർ റോഡിൽ നിന്നുള്ള കോൺക്രീറ്റ് അപ്രോച്ച് റോഡ് എന്നിവയുൾപ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും സ്‌റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളോട് കൂടിയ ഒരു പുതിയ സ്‌റ്റേഷൻ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്.

Related Posts