പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുസൂയ സാഹ എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ഒരാൾക്ക് ഇത്തരത്തിൽ എത്താൻ സാധിച്ചത് എങ്ങനെയെന്ന ചോദ്യം തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഉയർത്തി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടി ആരോപിച്ചു.
ടിഎംസി വക്താവ് സാകേത് ഗോഖലെ പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പ് എക്സിലൂടെ പങ്കുവെച്ചു. ഡൽഹിയിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മമത ബാനർജിയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ടിഎംസി രംഗത്തെത്തി.