തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (EVM) ക്രമക്കേട് നടന്നതായി ആരോപിച്ച് ഡിഎംകെ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പരിശോധനയിൽ ഉപയോഗിച്ച ചില യന്ത്രങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി പാർട്ടി നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു.
കൊളത്തൂർ മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ എട്ട് യന്ത്രങ്ങളിൽ മൂന്ന് എണ്ണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ഡിഎംകെയുടെ വാദം. ചില വി.വി.പി.എ.ടി. യൂണിറ്റുകളിലും കൺട്രോൾ യൂണിറ്റുകളിലും അഡ്രസ് ടാഗുകൾ പൂർണമായി പൂരിപ്പിച്ചിരുന്നില്ലെന്നും സീലുകളിൽ സംശയാസ്പദമായ അപാകതകൾ ഉണ്ടായിരുന്നെന്നും പാർട്ടി ആരോപിച്ചു.
അതേസമയം, ഡിഎംകെയുടെ ആരോപണങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് അധികൃതർ തള്ളി. ഒരു വി.വി.പി.എ.ടി. യൂണിറ്റിൽ മാത്രമാണ് ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയതെന്നും അത് തിരഞ്ഞെടുപ്പ് ദിനങ്ങളിൽ സാധാരണയായി സംഭവിക്കാവുന്ന പ്രശ്നമാണെന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി.എസ്. സമീരൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡിഎംകെ അറിയിച്ചതോടെ വിഷയം രാഷ്ട്രീയമായും നിയമപരമായും ശ്രദ്ധ നേടുകയാണ്.