കർണാടകയിലെ ഉഡുപ്പി ജില്ലയിൽ 45-കാരനായ വ്യാപാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ബാർകൂരിലെ കച്ചൂർ സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്കരേനാസ് ആണ് കൊല്ലപ്പെട്ടത്. ചെമ്മീൻ വിതരണമുൾപ്പെടെ വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരുന്ന റിച്ചാർഡിനെ കുന്ദാപുരയിലെ ചർച്ച് റോഡിലുള്ള ഹോളി റോസറി പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കേസിലെ മുഖ്യപ്രതിയായി ഡെറക് ക്രാസ്റ്റയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ജൂലൈ 30-ന് രാത്രി 11.45ഓടെ കുടിശ്ശിക തുകയുമായി ബന്ധപ്പെട്ട് ഡെറക് റിച്ചാർഡിനെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പണം തിരികെ ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും സംഭാഷണം പിന്നീട് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുന്ദാപുരിലേക്ക് ഒറ്റയ്ക്ക് വരാൻ ഡെറക് വെല്ലുവിളിക്കുകയും പുലർച്ചെ 1.30ഓടെ തൻ്റെ ലൊക്കേഷൻ റിച്ചാർഡിന് അയച്ചുനൽകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് റിച്ചാർഡ് കാറിൽ കുന്ദാപുരിലെത്തി. അദ്ദേഹത്തോടൊപ്പം ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു. പുലർച്ചെ 3.15ഓടെ കറുപ്പും ചുവപ്പും നിറത്തിലുള്ള മഹീന്ദ്ര താർ എസ്യുവിയിൽ എത്തിയ ഡെറക്, റിച്ചാർഡ് കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കൈത്തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അരയ്ക്കും കാലിനും താഴെയായി വെടിയേറ്റ റിച്ചാർഡ് അമിത രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റിച്ചാർഡിനൊപ്പമുണ്ടായിരുന്ന സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതായും ഇത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായതായും പൊലീസ് അറിയിച്ചു.
സംഭവസ്ഥലം ഉഡുപ്പി ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിതയിലെയും ആയുധനിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.