കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് ബെംഗളൂരു നഗരഹൃദയത്തിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ(എസ്ബിസി) നിന്ന് വരുന്ന ഓഗസ്റ്റ് 16 മുതൽ എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം. രാത്രി എട്ടുമണിക്ക് എസ്ബിസി-കണ്ണൂർ എക്സ്പ്രസും(16511) രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇൻ്റർ സിറ്റി എക്‌സ്പ്രസ്-12677) ആണ് സ്റ്റേഷൻ മാറുന്നത്. രണ്ടു വണ്ടികളും (എറണാകുളം-എസ്ബിസി എക്സ്പ്രസ്-12678, കണ്ണൂർ-എസ്ബിസി എക്സ്പ്രസ്-16512) ഓഗസ്റ്റ് 15 മുതൽ എസ്ബിസിയിലേക്ക് യാത്ര അവസാനിപ്പിക്കാൻ എത്തില്ല. വണ്ടികൾ യാത്ര അവസാനിപ്പിക്കുന്നതും യാത്ര തുടങ്ങുന്നതും എസ്എംവിടി(സർ എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരുവിൽ നിന്നായിരിക്കും.

2 തീവണ്ടികൾക്കും റെയിൽവേയുടെ സീറ്റ് റിസർവേഷൻ സൈറ്റിൽ പുതിയ ക്രമീകരണ പ്രകാരമുള്ള മാറ്റം ഏർപ്പെടുത്തി. അടുത്തവർഷം ജനുവരി 16 വരെയാണ് മാറ്റം. കെഎസ്ആർ റെയിൽവേ സ്റ്റേഷൻ യാർഡിലെ പിറ്റ്‌ലൈനുകളുടെ നിർമ്മാണം നടക്കുന്നതിനാലാണ് വണ്ടികളെ എസ്എംവിടിയിലേക്ക് മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ഈ രണ്ടു വണ്ടികളിലും കേരളത്തിലേക്കുള്ള ഒട്ടേറെ യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഏതാനും സ്റ്റേഷനുകൾ ഇതോടെ ഒഴിവാകും. എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് മടക്കയാത്രയിൽ കന്റോൺമെന്‍റ് സ്റ്റേഷനിലും കെഎസ്ആറിലും എത്തില്ല.

Related Posts