കർണാടകയിൽ ജോലിസമയം 12 മണിക്കൂർ വരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ ബംഗളുരുവിൽ ഐ.ടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐ.ടി, ഐ. ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ്റെ നേത്യത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. ഗ്ലോബൽ ടെക് പാർക്കിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്ലക്കാർഡുകളേന്തി നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു. വൈറ്റ് ഫീൽഡിലെ ഐ.ടി സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

ജോലിസമയം സാധാരണ10 മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്. സാധാരണ നിലവിൽ ജോലിസമയം 9 മണിക്കുറും ഓവർടൈം ഒരു മണിക്കൂറുമാണ്. 1961ലെ കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ട് ഭേദഗതി ചെയ്ത് ജോലിസമയം ഉയർ ത്താനാണ് തീരുമാനം.

ഐ.ടി, ഐ.ടി.ഇ.എസ് മേഖലയിലെ സ്ഥാപനങ്ങൾ ഈ നിയമത്തിന്‍റെ കീഴിലാണ്. ജീവനക്കാർ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ച നടത്തിയശേഷമേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. കഴിഞ്ഞ വർഷം കർണാടകയിലെ ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികളിലെ തൊഴിൽസമയം 14 മണിക്കൂറാക്കാൻ നടത്തിയ നീക്കം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഒഴിവാക്കിയിരുന്നു.

Related Posts