പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കാജല്‍ മൊഹന്തിയെ പുഴയില്‍ കുളിക്കുന്നതിനിടെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ ഉടൻ തന്നെ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന് ബ്യൂറ അറിയിച്ചു.
10 ലക്ഷം രൂപ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരം വനംവകുപ്പ് കുടുംബത്തിന് കൈമാറും. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്. 22 മാസത്തിനിടെ ഇവിടെ 11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്. ഏകദേശം 1800 ഓളം മുതലകൾ ഭിതര്‍കനിക ദേശീയോദ്യാനത്തില്‍ ഉണ്ടെന്നാണ് വിവരം. നദിയിലേക്ക് ദേശീയോദ്യാനത്തിലെ മുതലകള്‍ ഇറങ്ങുന്നതും രാജ്നഗറിലെയും കേന്ദ്രപാറയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.