കുടിയേറ്റക്കാർക്കതിരെയുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നടപടികളിലുള്ള പ്രതിഷേധം ആറാം ദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ ഒഴിവാക്കിയ കർഫ്യൂ, പ്രക്ഷോഭങ്ങൾ വ്യാപിച്ചതോടെ ലോസ് ആഞ്ജലിസിൽ വീണ്ടും ഏർപ്പെടുത്തി. ടെക്സസ്, ഓസ്റ്റിൻ, ഷിക്കാഗോ, ഡാലസ്, ന്യൂയോർക്ക്, ഡെൻവർ എന്നീ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. കൂടുതൽ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പ്രക്ഷോഭങ്ങളിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്ന് ഭരണകൂടം നിയന്ത്രണ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ 79-ാം ജന്മദിനവും യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികവും ശനിയാഴ്ച ആഘോഷപരിപാടികളായി ഉള്ളതിനാൽ അന്നേ ദിവസം കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്നാണ് ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.
400 ലധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുകഴിഞ്ഞു. മതിയായ രേഖകളില്ലാത്ത 330 കുടിയേറ്റക്കാർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അക്രമസംഭവങ്ങളിൽ പങ്കെടുത്ത 157 പേരും അറസ്റ്റിലായിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
700 മറീനുകളുൾപ്പെടെ ആയിരക്കണക്കിന് സൈനികരെയാണ് പ്രതിഷേധങ്ങൾ അടിച്ചമർത്താനായി ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ അക്രമ സംഭവങ്ങളിൽ പങ്കെടുക്കുന്നവരെ തടഞ്ഞുവെക്കാനും ആക്രമണങ്ങൾ നിയന്ത്രിക്കാനുമാണ് ഭരണകൂടം സൈനികസഹായം തേടിയിരിക്കുന്നത്.
രാജ്യത്തെ അക്രമാസക്തരായ പ്രക്ഷോഭകാരികളിൽ നിന്ന് രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലിസിനെ മോചിപ്പിക്കാനാണ് മറീനുകളെയും നാഷണൽ ഗാർഡിനെയും ഇറക്കിയതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ആ മോചനം ആവശ്യമില്ലെന്ന് നഗരവാസികൾ തിരിച്ചടിച്ചു. 1807-ലെ കലാപനിയമം വേണ്ടി വന്നാൽ പ്രയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സായുധകലാപമോ ആഭ്യന്തരയുദ്ധമോ യുഎസിൽ ഉണ്ടായാൽ സായുധസേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ പ്രസിഡൻ്റിന് അധികാരം നൽകുന്ന നിയമമാണത്.