തീപ്പിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തിങ്കളാഴ്ച ഉണ്ടായ തീ ഇനിയും അണക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച സാൽവേജ് സംഘവും, നേവിയും, കോസ്റ്റ് ഗാര്‍ഡും തീയണക്കാനുള്ള നടപടികള്‍ തുടരുകയാണെങ്കിലും ലക്ഷ്യത്തിലെത്താനായിട്ടില്ല. കറുത്ത പുക കപ്പലില്‍ നിന്ന് ഉയരുകയാണ്. അതേസമയം കണ്ടെയ്നറുകൾ കേരളതീരത്ത് അടിയാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
അത്യന്തം അപകടകരമായ രാസവസ്തുക്കൾ കപ്പലിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തനിവാരണ അതോറിറ്റി ഇതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടൽതീരത്തോ കടലിന്റെ ഉപരിതലത്തിലോ ഏതെങ്കിലും അജ്ഞാതവസ്തുക്കൾ കണ്ടാൽ അവിടെ നിന്ന് മാറി നിൽക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 200 മീറ്റർ അകലം പാലിക്കണം. ഇത്തരം വസ്തുക്കളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും വിവരങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങളെ അറിയിക്കണമെന്നും നിർദേശമുണ്ട്.