മുംബൈ ലോക്കൽ ട്രെയിൻ ദുരന്തത്തിനു കാരണം എതിരെ പോയ ട്രെയിനിലെ യാത്രക്കാരൻ തോളിൽ ധരിച്ചിരുന്ന ബാഗ് തട്ടിയതാണെന്ന് ദൃക്‌സാക്ഷി. രണ്ട് തിരക്കേറിയ ലോക്കൽ ട്രെയിനുകൾ കുത്തനെയുള്ള വളവിൽ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിൽ യാത്ര ചെയ്‌ത യാത്രക്കാർ താഴേക്ക് വീണാണ് അപകടമുണ്ടായത്. ട്രെയിനുകളിലൊന്ന് കസാറയിലേക്കും മറ്റേത് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കും പോകുകയായിരുന്നു.

‘ഞങ്ങൾ പതിവുപോലെ അതേ ട്രെയിനിൽ കയറി, മരിച്ച സരോജ് ഫുട്ബോർഡിനടുത്ത് നിന്നു. നല്ല ചൂടായിരുന്നു, കല്യാണിന് ശേഷം ട്രെയിൻ ദീവയിൽ വെച്ച് തിരക്കേറിയപ്പോൾ സരോജ് കമ്പാർട്ട്മെൻ്റിന് പുറത്ത് നിൽക്കുകയായിരുന്നു. ഞങ്ങൾ ദീവ കടന്നു പോകുമ്പോൾ ട്രെയിനിൽ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു,’ അപകടത്തിൽ മരിച്ച സരോജിനൊപ്പം ദിവസവും യാത്ര ചെയ്യുന്ന ഷിർസാദ് പറയുന്നു.

എതിരെ നിന്ന് വന്ന ട്രെയിനിന്‍റെ ഫുട്ബോർഡിൽ തൂങ്ങിക്കിടന്ന ഒരാൾ ധരിച്ച ബാഗ് ഞങ്ങളുടെ ട്രെയിനിലെ യാത്രക്കാരിൽ തട്ടി. ആളുകൾ ഓരോരുത്തരായി താഴേക്ക് വീഴാൻ തുടങ്ങി. അവരിലൊരാളായിരുന്നു സരോജ്. യാത്രക്കാർ കമ്പാർട്ട്മെൻ്റിലെ എമർജൻസി ചെയിൻ 3 തവണ വലിച്ചെങ്കിലും, അപകടസ്ഥലത്തു നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള താനെ സ്റ്റേഷനിൽ എത്തുന്നതുവരെ ട്രെയിൻ നിന്നില്ലെന്ന് മറ്റൊരു ദ്യക്‌സാക്ഷി പറഞ്ഞു.

Related Posts