പ്രധാനമന്ത്രി മോദിയെ കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ഇതിനിടെയാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ക്ഷണിച്ചതിൽ സന്തോഷമെന്നും ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരുമെന്നും മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി കുറിച്ചു.

പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞ ആറു വര്‍ഷവും ജി 7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കാനഡയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് കാന‍ഡ ക്ഷണിക്കുമോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഇന്ത്യയും കാനഡയിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു സംശയമുണ്ടായത്.

Related Posts