ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. ഉന്നത ക്രിക്കറ്റ് അസോസിയേഷൻ അറസ്റ്റ് ഭയന്നാണ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. ആർസിബി മാർക്കറ്റിംഗ് മേധാവിയും 4 ഇവൻ്റ് മാനേജ്മെൻ്റ് ഉദ്യോഗസ്ഥരും നേരത്തെ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

വെളിയാഴ്ച കർണാടക ഹൈക്കോടതിയിൽ കെഎസ്‌സിഎ പ്രസിഡൻ്റ് രഘു റാം ഭട്ട്, സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ എസ് ജയറാം എന്നിവർ ചേർന്നായിരുന്നു റിട്ട് ഹർജി സമർപ്പിച്ചത്. അറസ്റ്റ് ഭയന്ന് എഫ്ഐആർ റദ്ദാക്കണമെന്ന് ഹർജിക്കാർ കോടതിയോട് അഭ്യർത്ഥിക്കുകയും അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസ് കൃഷ്ണകുമാറിൻ്റെ സിംഗിൾ ജഡ്‌ജി ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും.

ബുധനാഴ്ച (ജൂൺ 4) വൈകുന്നേരമാണ് വിജയാഘോഷം ദുരന്തമുഖമായി മാറി 11 പേരുടെ ജീവൻ കവർന്നെടുത്തത്. സംഭവം നടന്നതിന് പിന്നാലെ വ്യാഴാഴ്ച. കബ്ബൺ പാർക്ക് പൊലീസ് ആർസിബി, ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡിഎൻഎ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, കെഎസ്‌സിഎ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീട് 3 സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിനും ഡയറക്ടർ ജനറലിനും നിർദ്ദേശം നൽകുകയായിരുന്നു.

Related Posts