റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് നിര്‍ദേശം നല്‍കിയത്. സ്റ്റേഡയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. എന്നാൽ ദുരന്തത്തില്‍ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

‘പോലീസ് കമ്മീഷണറുമായും എല്ലാവരുമായും ഞാൻ സംസാരിച്ചു. ഞാൻ പിന്നീട് ആശുപത്രിയിലേക്ക് പോകും. ആശുപത്രിയിൽ ഇപ്പോൾ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്‌ടർമാരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോൾ പറയാൻ കഴിയില്ല. ജനങ്ങളോട് ശാന്തരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പരിപാടി ചുരുക്കിയിട്ടുണ്ട്. 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കാൻ നിർദേശം നൽകി. എല്ലാം സാധാരണ നിലയിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയത്’ ഡി.കെ.ശിവകുമാർ പ്രതികരിച്ചു.

5000-ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു വെന്ന് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കുകയുണ്ടായി. ‘ഇതൊരു യുവ ഊര്‍ജ്ജസ്വലമായ ജനക്കൂട്ടമാണ്, ഞങ്ങള്‍ക്ക് ലാത്തി ഉപയോഗിക്കാന്‍ കഴിയില്ല’ എന്നും ശിവകുമാര്‍ പറഞ്ഞു

കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണമുയർത്തി ദുരന്തത്തിന് പിന്നാലെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആൾക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവർ ‘റീലുകൾ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി നേതൃത്വം പറഞ്ഞു.

Related Posts