കർണാടകയിലെ സിന്ദനൂരിൽ ചോളം കർഷകർ നേരിടുന്ന പ്രശ്നങ്ങളുയർത്തി ഉജ്ജ്വല റാലി സംഘടിപ്പിച്ചു. കർഷകരെ പിന്തുണച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത സിന്ദനുർ താലൂക്ക് ബന്ദിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ റാലിയിൽ അണിനിരന്നു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് സിന്ദനുർ താലൂക്ക് യൂനിറ്റ്, സി.പി.ഐ.എം.എൽ (ലിബറേഷൻ), കന്നട അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘടനകൾ, ബിസിനസ് അസോസിയേഷനുകൾ, കോൺട്രാക്ടർ അസോസിയേഷനുകൾ, താലൂക്ക് അഭിഭാഷക അസോസിയേഷൻ എന്നിവയിലെ അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലി നടത്തി.
സംസ്ഥാന സർക്കാർ ചോളം സംഭരണം ആരംഭിക്കണമെന്ന കർഷകരുടെ അഭ്യർഥനയോട് പ്രതികരിച്ചിട്ടില്ലെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സമരം ശക്തമാക്കിയപ്പോൾ സ്ഥിതിഗതികൾ ലഘുകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും സർക്കാറിന് ഇത് കർഷകരെക്കുറിച്ച് താൽപര്യമില്ലെന്ന് കാണിക്കുന്നുവെന്നും അവർ ആരോപിച്ചു. തഹസിൽദാരുടെ ഓഫിസിന് പുറത്ത് കഴിഞ്ഞയാഴ്ച തങ്ങളുടെ ലോറി പാർക്ക് ചെയ്ത് കർഷകർ സമാനമായ പ്രതിഷേധം നടത്തിയിരുന്നു.