18 വര്‍ഷത്തെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് കിരീടം. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്സിനെ ആര്‍സിബി (IPL 2025 Final RCB vs PBKS) ആറ് റണ്‍സിന് തോല്‍പ്പിച്ചു. പ്രഥമ സീസണ് മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്ലിക്കും ഇത് കന്നി ഐപിഎല്‍ കിരീടമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബിന്റെ ചേസിങ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 184 എന്ന നിലയില്‍ അവസാനിച്ചു. 11 വര്‍ഷത്തിന് ആദ്യമായി ഫൈനലിലെത്തിയ പഞ്ചാബ് കിങ്സിന്റെ കന്നി കിരീടമോഹം കൂടിയാണ് പൊലിഞ്ഞത്.
191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് തുടക്കം മുതല്‍ റണ്‍റേറ്റ് നിലനിര്‍ത്താന്‍ പാടുപെട്ടു. പ്രിയാന്‍ഷ് ആര്യ 24 (19), പ്രഭ്സിമ്രാന് സിങ് 26 (22) എന്നിവര്‍ക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ (Shreyas Iyer) അതിവേഗം പുറത്തായത് കനത്ത ആഘാതമായി. കഴിഞ്ഞ മാച്ചില്‍ വെടിക്കെട്ട് ബാറ്റിങുമായി ടീമിനെ വിജയിപ്പിച്ച ശ്രേയസിനു മേല്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയാണ് ശ്രേയസ് പുറത്തായത്.