കന്നഡ എഴുത്തുകാരനും കവിയും നാടകകൃത്തും അക്കാദമീഷ്യനുമായ എച്ച്.എ സ്.വി എന്ന ഡോ. എച്ച്.എസ്. വെങ്കടേശമൂർത്തി (80) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബംഗളൂരുവിലെ സെൻ്റ് ജോസഫ്സ് കോമേഴ്സ് കോളജിൽ 30 വർഷത്തോളം അധ്യാപകനായിരുന്നു.
ദാവൻഗരെയിലെ ചന്നഗിരി ഹൊദിഗരെയിൽ 1944 ജൂൺ 23ന് നാരായണ ഭട്ട- നാഗരത്നമ്മ ദമ്പതികളുടെ മകനായി ജനനം. ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സെൻ്റ് ജോസഫ്സ് കോളജിൽ പ്രഫസറായി. കന്നഡ ഭാഷയിൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.