‘ഗാന്ധി’ സിനിമയുടെ ഛായാ​ഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. പ്രശസ്ത ഛായാ​ഗ്രാഹകനായ ബില്ലി വില്യംസ് ​ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം നേടിയ പ്രതിഭയായിരുന്നു. ബ്രിട്ടീഷ് സിനിമാറ്റോ​ഗ്രാഫർ മാ​ഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല. 1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി വില്യംസ് ജനിച്ചത്. വില്യംസിനെ സിനിമാ നിർമ്മാണത്തിലേക്ക് കൊണ്ടുവന്നത് ഒരു യുദ്ധകാല ഡോക്യുമെൻ്റെറിയനായ പിതാവാണ്.

കോമഡി ചിത്രമായ 1965 – ലെ ‘സാൻ ഫെറി ആൻ’ ആയിരുന്നു ബില്ലി വില്യംസിൻ്റെ കരിയറിൽ വഴിത്തിരിവായത്. കെൻ റസ്സൽ സംവിധാനം ചെയ്ത ‘വുമൺ ഇൻ ലവ്’ (1969) എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ആദ്യ ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ ഇതിഹാസചിത്രമായ ഗാന്ധിയിലൂടെ ഛായാ ഗ്രഹണത്തിനുള്ള ഓസ്‌കർ പുരസ്‌കാരം ബില്ലി വില്യംസിനെ തേടിയെത്തി.

ചിത്രീകരണത്തിനിടെ ഇന്ത്യയിൽ വെച്ച് ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചായിരുന്നു അദ്ദേഹം ‘ഗാന്ധി’യെ പകർത്തിയത്. ദി എക്സോർസിസ്റ്റ്, വോയേജ് ഓഫ് ദി ഡാംഡ്, ദി വിൻഡ് ആൻഡ് ദി ലയൺ തുടങ്ങിയവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റു പ്രധാന ചിത്രങ്ങൾ.

Related Posts