ശ്രീലങ്കയിൽ വെച്ച്, മനുഷ്യൻ്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച 21-കാരിയായ ബ്രീട്ടീഷ് യുവതി പിടിയിലായി. മുൻ വിമാന ജീവനക്കാരി കൂടിയായ ഷാർലറ്റ് മേലീയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തിൽ ഈ മാസം ആദ്യത്തിൽ പിടിയിലായ ഇവർക്ക് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനുഷ്യ അസ്ഥികൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉത്ഭവിച്ചതാണ് എന്നാണ് വിവരം.
സിയറ ലിയോണിൽ മാത്രം ആഴ്ചയിൽ ഏകദേശം ഒരു ഡസൻ ആളുകളുടെ മരണത്തിനിടയാക്കുന്ന ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളിൽ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. 45 കിലോയോളം ഉണ്ടായിരുന്നു. ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താൻ അറിയാതെയാണ് തൻ്റെ പെട്ടികളിൽ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. അവരെ വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാൻ അവർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ, 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
കൊളംബോ വിമാനത്താവളത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക്സ് കൺട്രോൾ യൂണിറ്റ് അറിയിച്ചു. അതേസമയം ഷാർലറ്റ് മേ ലിയെ കുടുക്കിയതാണെന്ന വാദമാണ് അവരുടെ അഭിഭാഷകൻ സമ്പത്ത് പെരേരയും ഉന്നയിക്കുന്നത്. ‘ഇവർ തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നു. 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാൻ നിർബന്ധിതയാവുകയായിരുന്നു. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂർ വിമാനയാത്ര നടത്താൻ അവർ തീരുമാനിച്ചു’ പെരേര പറഞ്ഞു.
താൻ ഇത്തരത്തിലുള്ള മയക്കുമരുന്ന് മുമ്പ് കണ്ടിട്ടേയില്ല. വിമാനത്താവളത്തിൽ വെച്ച് തടഞ്ഞപ്പോൾ ഇതൊന്നും അവർ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയിലി മെയിലിനോട് പ്രതികരിച്ചു സ്യൂട്ട്കേസിൽ തൻ്റെ സാധനങ്ങൾ മാത്രമായിരിക്കും എന്നാണ് കരുതിയത്, തൻ്റെ സ്യൂട്ട്കേസുകളിൽ മയക്കുമരുന്ന് ‘വെച്ചത്’ ആരാണെന്ന് തനിക്കറിയാമെന്ന് അവർ സൂചിപ്പിച്ചു, പക്ഷേ അവരുടെ പേര് വെളിപ്പെടുത്തിയില്ല.