ഡൽഹിയിലെ ഗാസിയാബാദിൽ അകുർ വിഹാറിലെ എസിപി ഓഫീസിൻ്റെ മേൽക്കൂര ശക്തമായ മഴയിൽ തകർന്ന് വീണ് പോലീസ് മരിച്ചു. വിരേന്ദ്ര മിശ്ര (58)യാണ് മരിച്ചത്. അതിശക്തമായ കാറ്റോട് കൂടിയ കനത്ത മഴയിൽ ഡൽഹിയിലും പരിസരപ്രദേശത്തും പലയിടങ്ങളിലും വെള്ളം കയറി. മിൻ്റോറോഡ്, മോത്തി ബാഗ്, എയർപോർട്ട് ടെർമിനൽ വൺ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.
ശനിയാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച പുലർച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം സ്തംഭിച്ചു. ഇടിമിന്നലുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായത് ഇന്ദിരാ ഗാന്ധി വിമാത്താവളത്തിലെ 200-ലേറെ വിമാന സർവീസുകളെ സാരമായി ബാധിച്ചു.
ഡൽഹിയിൽ കഴിഞ്ഞ ദിവസം തന്നെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. രാത്രി 11:30 മുതൽ പുലർച്ചെ 4:00 വരെ 49 വിമാനങ്ങളുടെ വഴിതിരിച്ചു വിട്ടതായി അധികൃതർ വ്യക്തമാക്കി.ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും പൊടിക്കാറ്റും തുടർന്ന് ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും മണിക്കൂറിൽ 60 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.