കർണാടകയിലെ ബെലഗാവിയിൽ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാല്‍ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അപകടമരണമെന്ന് കൊലയ്ക്കുശേഷം വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നതായി പോലീസ് അറിയിച്ചു. കർണാടക ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.

ശനിയാഴ്ച‌ രാത്രി രേണുകയെ മോട്ടോർ സൈക്കിളിൽ സന്തോഷിൻ്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേർന്ന് കയറ്റിക്കൊണ്ടുപോയി. അവർ രേണുകയെ മലബാഡി ഗ്രാമത്തിന് സമീപം ബൈക്കിൽ നിന്ന് തള്ളിയിട്ടു. തുടർന്ന് കല്ലുകൊണ്ട് തലയിൽ ഇടിച്ചു. പിന്നീട് സാരി ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊന്നു. മോട്ടോർ സൈക്കിളിൽ നിന്ന് വീണതാണെന്ന് വരുത്തിത്തീർക്കാൻ സാരി ബൈക്കിൻ്റെ പിൻചക്രത്തിൽ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു.

സംശയം തോന്നിയ രേണുകയുടെ ബന്ധുവായ ഹരീഷ് മല്ലികാർജുൻ പോലീസിൽ പരാതി നൽകി. മരണം പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. രേണുകയുടെ ഭർത്താവ് സന്തോഷിനും കുറ്റകൃത്യത്തിന് പ്രേരണ നൽകിയതിൽ പങ്കുണ്ടെന്നു തെളിഞ്ഞതായി പോലീസ് സുപ്രണ്ട് ഭീമശങ്കർ ഗുലേദ് അറിയിച്ചു. പ്രതികളായ സന്തോഷ്, കമണ്ണ, ജയശ്രീ എന്നിവരെ അറസ്റ്റു ചെയ്തു.

Related Posts