ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ പാകിസ്താന് പിന്തുണയേകിയ തുർക്കിക്കെതിരെ ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തുർക്കിയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബേക്കറി ഉത്പന്നങ്ങൾക്കായുള്ള നട്സ്, ഡ്രൈഫ്രൂട്സ്, ജെൽസ്, ഫ്ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങിക്കില്ല. മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ അറിയിച്ചത് ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി പോൾ മാത്യുവാണ്. ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്കൃത വസ്തുക്കൾ ബേക്കറി ഉത്പന്നങ്ങൾക്കായി തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. തുർക്കിയുടെ മേൽ ഈ വസ്തുക്കളുടെ ബഹിഷ്കരണത്തിലൂടെ കടുത്ത സമ്മർദമേൽപിക്കാനാകുമെന്ന് പോൾ മാത്യു പ്രതികരിച്ചു.
ഇന്ത്യയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ തന്നെ തുർക്കിയിൽ നിന്നുള്ളവയ്ക്ക് പകരം ഉപയോഗപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടതായും പോൾ മാത്യു പറഞ്ഞു. തുർക്കിയിൽ നിന്നുള്ള പഴങ്ങൾ ബഹിഷ്കരിക്കാനും ഇന്ത്യൻ വ്യാപാരികൾ നേരത്തെ തീരുമാനിച്ചിരുന്നു.