ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ 17 മരണം. 7 വയസ്സുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളും മരണപ്പെട്ടവരിൽ ഉണ്ട്. ഹൈദരാബാദിൽ ചാർമിനോട് ചേർന്ന ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ഷോ‍ർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളും ഉൾപ്പെടുന്ന മേഖലയാണ് ഗുൽസാർ ഹൗസ്. രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൃഷ്ണ പേൾസ് എന്ന ജ്വല്ലറിയുടെ താഴത്തെ നിലയിൽ നിന്ന് ആദ്യ പുക ഉയരുകയും പെട്ടെന്നുതന്നെ തീ കെട്ടിടമാകെ വ്യാപിക്കുകയുമായിരുന്നു. പിന്നാലെ റെസിഡൻഷ്യൽ കോംപ്ലക്സിലേക്കും തീ വ്യാപിച്ചു.

ഫയർ ഫോഴ്സിന് രാവിലെ 6:16 നാണ് കോൾ ലഭിച്ചതെന്ന് തെലങ്കാന ദുരന്ത നിവാരണ ഫയർ സർവീസസ് ഡിജി വൈ നാഗി റെഡ്ഡി പറഞ്ഞു. ആളുകളെ രക്ഷിക്കാൻ ഫയർഫോഴ്സ് ശ്വസന ഓപ്പറേറ്റർമാരും ഓക്സിജൻ മാസ്കുകളും ഉപയോഗിച്ചു. 17 പേരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണു വിവരം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts