സമാധാന ചർച്ചകൾക്ക് ഇരുരാജ്യങ്ങളും കളമൊരുങ്ങുന്നതിനിടെ യുക്രൈനുനേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത് എന്നാണ് റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. ഇറാനിൽ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ. ഡ്രോൺ ആക്രമണത്തിൽ 28 കാരി കൊല്ലപ്പെട്ടു. നാലുവയസുകാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു.
കൂടുതലും ജനവാസ കേന്ദ്രങ്ങളാണ് ആക്രമണത്തിൽ തകർന്നത്. സമാധാന ചർച്ചകൾക്ക് കളമൊരുങ്ങുന്നതിനിടെയാണ് റഷ്യയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒമ്പത് മണിക്കൂറോളമാണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിക്കൊണ്ടിരുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഡോണസ്കിൽ ശനിയാഴ്ച റഷ്യ ശക്തമായ ഷെല്ലാക്രമണവും നടത്തിയിരുന്നു.
വെടിനിർത്തൽ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച് മണിക്കൂറുകൾക്കകമാണ് റഷ്യ സുമിയിൽ ആക്രമണം നടത്തിയത്. ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനൊപ്പം ഖേഴ്സണിലും സപോറിഷ്യയിലും റഷ്യ ഡ്രോൺ ആക്രമണം നടത്തി.സുമിയിൽ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.