നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസിൽ 2 സിഐഎസ്എഫുകാരെയും സസ്പെന്‍ഡ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ കുറ്റം തെളിയുന്നപക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും സിഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള പോലീസുമായി കേസുമായി ബന്ധപ്പെട്ട് പൂർണമായും സഹകരിക്കുമെന്നും ചെന്നൈയിലെ എയർപോർട്ട് സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. പൊന്നി ഐപിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം ഐവിൻ ജിജു എന്ന യുവാവിനെ വാക്കുതർക്കത്തെ തുടർന്ന് കാറിടിപ്പിച്ചു കൊന്നു എന്നതാണ് കേസ്.
നിലവിൽ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിലും മോഹൻ നെടിമ്പാശ്ശേരി സ്റ്റേഷനിലുമാണ് ഉള്ളത്. മോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകുവെന്നും റൂറൽ എസ്പി എം. ഹേമലത അറിയിച്ചു.