വെടിനിർത്തൽ കരാർ ലംഘനത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറുമും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. വെടിനിർത്തൽ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥ‌ഥിതിഗതികളെ കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പാക്കിസ്ഥാൻ ചൈനയോട് വിശദീകരിച്ചിട്ടുണ്ട്.

ചൈന പാക്കിസ്ഥാൻ്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കുമെന്നും വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുപിന്നാലെ, പാക്കിസ്ഥാൻ വിദേശ കാര്യമന്ത്രാലയം ഇതു സ്‌ഥിരീകരിച്ച് പ്രസ്‌താവനയും പുറത്തിറക്കി. പാക്കിസ്‌ഥാൻ്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉത്തരവാദിത്തത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും വാങ് യി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Related Posts