ഇന്ത്യ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യൻ സൈന്യം. ബുധനാഴ്ച പുലർച്ചെ 1.05 ന് തുടങ്ങി 1.30 വരെ 20 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തിൽ അടിച്ചെന്നും പറഞ്ഞു. ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിൻ്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാർത്താസമ്മേളനം.
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ 21 ഇടങ്ങൾ ടാർഗറ്റ് ചെയ്ത് അതിൽ ഒമ്പതെണ്ണമാണ് തകർത്തതെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇന്ത്യ നൽകിയതെന്നും കൊല്ലപ്പെട്ടത് ഭീകരർമാത്രമാണെന്നും സാധാരണക്കാരെ ഒരു തരത്തിലും ലക്ഷ്യമിട്ടിട്ടില്ലെന്നും സേന വ്യക്തമാക്കി. 3 ദശകമായി പാകിസ്താൻ ഭീകരതയ്ക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നു.
പാക് ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു സൈന്യത്തിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ തൂക്കിലേറ്റിയ അജ്മൽ കസബ് ഉൾപ്പെടെയുള്ള ഭീകരർക്ക് പരിശീലനം നൽകിയ കേന്ദ്രങ്ങൾ തകർത്തതായും പറഞ്ഞു. വെറും 25 മിനിറ്റ് മാത്രമാണ് ആക്രമണം നടത്തിയതെന്നും എവിടൊക്കെയാണ് ആക്രമണം നടത്തിയതെന്നും മാപ്പും ദൃശ്യങ്ങളും വെച്ചായിരുന്നു വിശദീകരിച്ചത്. പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നെന്നും പാകിസ്താനുള്ള ഏറ്റവും ശക്തമായ സന്ദേശവുമാണ് ഇന്ത്യ നൽകിയതെന്നും പറഞ്ഞു.