മംഗളൂരു ഗുണ്ടാ സംഘത്തലവൻ സുഹാസ് ഷെട്ടി(30) വധക്കേസിൽ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ശനിയാഴ്ച മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേസൺ ജോലിക്കാരനായ ശാന്തിഗുസ്സെ സ്വദേശി നിയാസ് (28), ശാന്തിഗുസ്സെ സ്വദേശിയും ഡ്രൈവറുമായ അബ്ദുൽ സഫ്വാൻ (29), ബംഗളൂരുവിൽ സെയിൽ സ്മാനായി ജോലി ചെയ്തിരുന്ന കുർസുഗുസ്സെ സ്വദേശി കലന്തർ ഷാഫി (31),
ഷാമിയാന (ടെൻ്റ്) ഷോപ്പിൽ ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി നാഗരാജ് (20), സൗദി അറേബ്യയിൽ സെയിൽ സ്മാനായി ജോലി ചെയ്തിരുന്ന കെഞ്ചാർ സ്വദേശി മുഹമ്മദ് മുസമിൽ (32), ഡ്രൈവറായി ജോലി ചെയ്യുന്ന ചിക്കമഗളൂരുവിലെ കലാസ സ്വദേശി രഞ്ജിത്ത് (19), ഫാസിലിൻ്റെ സഹോദരൻ ആദിൽ മഹറൂഫ് (19) സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ജോക്കട്ടെ സ്വദേശി മുഹമ്മദ് റിസ്വാൻ (28), എന്നിവരാണ് അറസ്റ്റിലായത്.
സ്വിഫ്റ്റ് കാറിലും ബൊലേറോ പിക്കപക്കിലുമാണ് പ്രതികൾ എത്തിയത്. ഷെട്ടിയുടെ വാഹനം തടഞ്ഞു നിർത്തി ക്രൂരമായി കൊലപ്പെടുത്തി. 2023ലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സുഹാസ് ഷെട്ടിയിൽനിന്ന് പ്രതികാര ആക്രമണം ഉണ്ടാവാമെന്ന് ഭയപ്പെട്ട അബ്ദുൽ സഫ്വാനാണ് ഗൂഢാലോചനക്ക് തുടക്കമിട്ടത്.