പഹൽഗാം ബൈസാരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള യാത്രികരിൽ ഒരാൾകൂടി ഉൾപ്പെട്ടതായി വിവരം. ബംഗളുരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയർ എൻജിനീയർ ആന്ധ്ര നെല്ലൂർ കാവലി സ്വദേശി എസ്. മധുസൂദൻ റാവുവിൻ്റെ (40) മരണമാണ് സ്ഥിരീകരിച്ചത്.
ഹാവേരി റാണിബെന്നൂർ ദേവി നഗർ സ്വദേശിയും ബംഗളുരു മത്തിക്കരൈ സുന്ദർ നഗറിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ (41), ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47) എന്നിവർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. മുൻ ഐ.ടി ജീവനക്കാരനായ ഭരത് ഭുഷൺ ബംഗളുരുവിൽ ഡയഗ്നോസ്റ്റിക് സെൻ്റർ നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.