കര്‍ണാടകയുടെ മുന്‍ പോലീസ് മേധാവിയായ ഓം പ്രകാശിനെ (68) എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. 3 നില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോൾ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തുടർന്ന് ഓം പ്രകാശിൻ്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ നിലയിൽ അദ്ദേഹത്തിൻ്റെ മൃതശരീരം കണ്ടെത്തി.

വർഷങ്ങളായി ഓം പ്രകാശും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി പല്ലവി പലയവസരങ്ങളിൽ ഓംപ്രകാശിൻ്റെ സഹപ്രവർത്തകരോട് പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിഷം നൽകി തന്നെ കൊലപ്പെടുത്താൻ ഓം പ്രകാശ് ശ്രമിച്ചതായി ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ പല്ലവി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

പോലീസ് പല്ലവിയേയും മകളേയും ചോദ്യം ചെയ്‌തുവരികയാണ്. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചു. 1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മാർച്ച് മുതൽ 2017 ജനുവരി വരെയാണ് അദ്ദേഹം ഡിജിപിയായി സേവനമനുഷ്ഠിച്ചത്.

Related Posts