ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കരുനീക്കങ്ങൾ. തൻ്റെ പാർട്ടി എൻഡിഎ വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ശക്തി പാർട്ടി (ആർഎൽജെപി) അധ്യക്ഷനുമായ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പട്നയിൽ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ബിജെപിയുമായും എൻഡിഎയുമായും “2014 മുതൽ ഞാൻ സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻഡിഎയുമായി ഒരു ബന്ധവുമില്ല”, പരസ് പറഞ്ഞു. തൻ്റെ പാർട്ടി ബിഹാർ തിരഞ്ഞെടുപ്പിൽ 243 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം ജനസമ്പർക്കത്തിൻ്റെ ഭാഗമായി 22 ജില്ലകൾ സന്ദർശിച്ചതായും വരും ദിവസങ്ങളിൽ ശേഷിക്കുന്ന 16 ജില്ലകൾ സന്ദർശിക്കുമെന്നും പരസ് പറഞ്ഞു. പരസ്നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടാണ് എൻഡിഎ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ദളിത് വിരുദ്ധനും മാനസിക രോഗിയാണ് എന്നും നിതീഷിനെ അദ്ദേഹം വിശേഷിപ്പിച്ചു. ദളിതർക്കെതിരായ ആക്രമണങ്ങൾ സംസ്ഥാനത്ത് വർധിച്ചതായും പരസ് ആരോപിച്ചു.