മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കാനുള്ള എഡിഎമ്മിൻ്റെ ഉത്തരവിന് ഹൈക്കോടതിയുടെ അംഗീകാരം. പമ്പയെ മലിനമാക്കുന്ന പ്രവൃത്തികൾ തടയുന്നതിനായി കോടതി നേരത്തെ നൽകിയ നിർദേശങ്ങൾക്ക് അനുസൃതമാണ് എഡിഎമ്മിൻ്റെ നടപടിയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് ഉത്തരവ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 163-ാം വകുപ്പ് പ്രകാരമാണ് എഡിഎം ദിലീപ് കെ. കൈനിക്കര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. തീർഥാടനകാലത്ത് പമ്പയുടെ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനുമാണ് നടപടി.
അതേസമയം, ശബരിമലയിലെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) സമർപ്പിച്ച പരിശോധനാ റിപ്പോർട്ടും കോടതി പരിഗണിച്ചു. ശബരിമലയിലെ ഇൻസിനറേറ്റർ പൂർണമായും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇതിൻ്റെ സ്വിച്ചുകൾ, ഡീസൽ പമ്പുകൾ, ബ്ലോവറുകൾ എന്നിവയിലെ തകരാറുകൾ പരിഹരിക്കണമെന്നും ഇൻസിനറേറ്റർ കെട്ടിടത്തിൻ്റെ മേൽക്കൂര മാറ്റി മഴവെള്ളം അകത്തേക്ക് കടക്കുന്നത് തടയണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.