ബെംഗളൂരുവിൽ ആഗോള സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്കെതിരെ പരിഹാസ ബാനറുകളുമായി കർണാടക യൂത്ത് കോൺഗ്രസ്. മെറ്റ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നും വിദ്വേഷ പ്രസംഗങ്ങൾക്കും വ്യാജവാർത്തകൾക്കും എതിരെ നിഷ്പക്ഷമായി നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധ പ്രചാരണം ആരംഭിച്ചത്.
‘മെറ്റ ബിജെപി കാ ബേട്ടാ’ എന്ന മുദ്രാവാക്യത്തോടെയുള്ള ബാനറുകളാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിനെ പരിഹസിച്ച് ‘മാർക്ക് ബൂപ്ബർഗ്’ എന്നും ബാനറുകളിൽ വിശേഷിപ്പിച്ചിട്ടുണ്ട്.
കർണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എച്ച്.എസ്. മഞ്ജുനാഥ് ഗൗഡയുടെ നേതൃത്വത്തിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ന്യൂ എയർപോർട്ട് റോഡിലെ സാദഹള്ളി ഗേറ്റ്, ടോൾ പ്ലാസയ്ക്ക് സമീപം, ചിക്കജാല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിദ്വേഷ പ്രസംഗങ്ങളും വ്യാജവാർത്തകളും നിയന്ത്രിക്കുന്നതിൽ മെറ്റ വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതായും ഭരണകക്ഷിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായും സംഘടന ആരോപിക്കുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകളും യൂത്ത് കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കമ്പനികൾ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുകൂലമായി പ്രവർത്തിക്കരുതെന്നും എല്ലാ രാഷ്ട്രീയ വിഭാഗങ്ങൾക്കും ഒരേ മാനദണ്ഡം ബാധകമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നേരത്തെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മെറ്റയുടെ ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേതാക്കളായ ഉദയ് ഭാനു ചിബ്, മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിയന്ത്രിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഏഴ് ദിവസത്തിനകം നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മെറ്റയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കണമെന്ന ആവശ്യവുമായി ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബെംഗളൂരുവിലും ബാനർ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.