ജെൻ-സി പോപ്പ് കൾച്ചറും രാഷ്ട്രീയ ആക്ഷേപഹാസ്യവും കോർത്തിണക്കി പുതിയ സ്റ്റേജ് പെർഫോമൻസ് പ്ലാറ്റ്‌ഫോമുമായി സിജെപി (CJP). പ്രശസ്ത കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ മാതൃകയിൽ ‘കോക്രോച്ച് ക്ലബ്’ എന്ന പേരിലാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.

സ്റ്റേജ് സംവിധാനം, ജഡ്ജിങ് പാനലിൻ്റെ ഇരിപ്പിടം, പ്രചാരണ വാചകങ്ങൾ എന്നിവയിലെല്ലാം ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയുടെ മാതൃക പിന്തുടരുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ‘കോമഡി, ആക്ഷേപഹാസ്യം, ബാപ്പുവിനെക്കുറിച്ചുള്ള സംഭാഷണം’ എന്ന ടാഗ്‌ലൈനോടെയായിരുന്നു ആദ്യ എപ്പിസോഡ് ചിത്രീകരിച്ചത്. പൂനെയിലെ കോത്രൂഡിലുള്ള ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ ഏകദേശം 250 പേർ പങ്കെടുത്തു.

മഹാത്മാഗാന്ധിയുടെ ആശയങ്ങളും ദർശനങ്ങളും ഹാസ്യത്തിൻ്റെ ഭാഷയിൽ പുതുതലമുറയിലേക്ക് എത്തിക്കുകയാണ് സംഘാടകരുടെ പ്രധാന ലക്ഷ്യം. തങ്ങളൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും യുവാക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന പ്രഷർ ഗ്രൂപ്പാണെന്നുമാണ് സിജെപിയുടെ വിശദീകരണം.

ചോദ്യപേപ്പർ ചോർച്ച, വോട്ടിങ് ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ള സംഘടനയാണ് സിജെപി. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾക്ക് സമാനമായി ‘കോക്രോച്ച് ക്ലബ്’ എപ്പിസോഡുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.

അമേരിക്കൻ ഷോയായ ‘കിൽ ടോണി’യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ആരംഭിച്ചത്. വിവാദങ്ങളെത്തുടർന്ന് ഇടവേളയിലായിരുന്ന ഷോ അടുത്തിടെ യൂട്യൂബിലും നെറ്റ്ഫ്ലിക്സിലും തിരിച്ചെത്തിയിരുന്നു.

എന്നാൽ ‘കോക്രോച്ച് ക്ലബ്’ ഇതിൽനിന്ന് വ്യത്യസ്തമായ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജി, ജവഹർലാൽ നെഹ്റു, ബി.ആർ. അംബേദ്കർ തുടങ്ങിയ പ്രമുഖ ചിന്തകരുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ചലച്ചിത്ര പ്രദർശനങ്ങൾക്കും സ്റ്റാൻഡ്-അപ്പ് കോമഡിക്കും വേദിയൊരുക്കും. യുവാക്കളുടെ സർഗാത്മകതയും ഊർജവും രാജ്യത്തെ സാമൂഹിക മാറ്റങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പൂനെയിൽ ആരംഭിച്ച ഈ സംരംഭം ഡൽഹിയിലേക്കും രാജ്യത്തിൻ്റെ വിദൂര ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ തമാശയിലൂടെയും തുറന്ന സംവാദങ്ങളിലൂടെയും യുവതലമുറയിലേക്ക് എത്തിക്കാനുള്ള പുതിയ പരീക്ഷണമായാണ് ‘കോക്രോച്ച് ക്ലബ്’ ശ്രദ്ധ നേടുന്നത്.

Related Posts