കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജരായ യുവതീയുവാക്കൾ വെടിയേറ്റ് മരിച്ചു. സറേയിലെ സൂപ്പർമാർക്കറ്റിന് പുറത്തുള്ള പാർക്കിങ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. ഗഗൻപ്രീത് രെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആസൂത്രിത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നവംബർ 15ന് രാത്രി 10.38ഓടെയാണ് ഇരുവരെയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ മരണം സ്ഥിരീകരിച്ചു. ഇരുവരും സമീപപ്രദേശമായ ഡെൽറ്റയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കാനഡയിലെ പ്രധാന കൊലപാതക അന്വേഷണ വിഭാഗമായ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) കേസ് ഏറ്റെടുത്തിട്ടുണ്ട്. വെടിവയ്പ്പിൻ്റെ സാഹചര്യങ്ങളും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
വെടിവയ്പ്പ് നടന്ന് ഏകദേശം 13 മിനിറ്റിനുശേഷം സംഭവസ്ഥലത്തിന് സമീപം ഒരു കാർ തീപിടിച്ച് നശിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുള്ളവർ ഉപയോഗിച്ച വാഹനമായിരിക്കാം ഇതെന്നാണ് അന്വേഷണ സംഘത്തിൻ്റെ സംശയം. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം, അതിലുണ്ടായിരുന്നവരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, കഴിഞ്ഞ മാസം ലാംഗ്ലി പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളിൽ 25 വയസ്സുള്ള ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സറേയിൽ താമസിച്ചിരുന്ന തുഷാർ ശർമയാണ് കൊല്ലപ്പെട്ടത്. ഈ സംഭവവും പുതിയ കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ടു കേസുകളെയും കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
യുവതീയുവാക്കളുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ പങ്കുണ്ടോയെന്നതടക്കമുള്ള സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.